നമുക്ക് ചുറ്റുമുള്ള ഈ ലോകത്ത് പ്രശ്നങ്ങൾക്ക് യാതൊരുകുറവുമില്ല. നന്മയിൽ വിശ്വസിക്കുന്നവർക്ക് പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന പലതും നിറഞ്ഞ ഒരു ലോകമാണത്. നന്മ എന്താണെന്നചോദ്യം ഉയരാമെങ്കിലും അത് ആപേക്ഷികമാണെങ്കിലും ഒരുകാര്യം ഞാൻ പറയാം- ഒരു പകുതി നിറഞ്ഞ ഗ്ലാസ്സിന്റെ കഥ. അതിൽ പകുതിയേ ഉള്ളല്ലോ എന്ന് വ്യാകുലപ്പെടാനും പകുതി ഉണ്ടല്ലോ എന്ന് ആശ്വസിക്കാനും നമുക്ക് കഴിയും. അല്പമേ ഉള്ളൂ എങ്കിലും അത് കാണൂ. അതിനുവേണ്ടത് നൽകൂ. അത് വലുതാവുന്നത് നമുക്ക് കാണാം. പ്രകൃതിയും ചെയ്യുന്നത് അതുതന്നെയാണ്. നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുക, ഉറുമ്പിനെപ്പോലെ.
ജീവന്റെ കണികപോലുമില്ലാതെ
കോൺക്രീറ്റ് ചെയ്ത നിലത്തുപോലും അവസരം വരുമ്പോൾ ഒരു ചെറുപുൽക്കൊടി തലനീട്ടുന്നു. ഒരുകാലത്ത്
ഒരിക്കലും നശിക്കില്ല എന്നഹങ്കരിച്ച കെട്ടിടങ്ങളിൽ ആൽമരത്തിന്റെ ഒരു ചെറുവിത്ത് ആധിപത്യം
സ്ഥാപിക്കുന്നു. അതെ, നിങ്ങൾ ജീവനുവേണ്ടി പ്രവർത്തിക്കുന്ന ആളാണെങ്കിൽ, നിരാശപ്പെടേണ്ടതില്ല,
പ്രകൃതി കൂടെയുണ്ട്. അത് പാഠമാക്കൂ. ചോദ്യം ചോദിക്കുന്ന കുട്ടികൾ പിറന്നുവീഴുന്നകാലത്തോളം പ്രതീക്ഷ ഉണ്ടാവാതിരിക്കുന്നതെങ്ങനെ?!
No comments:
Post a Comment