Thursday, December 19, 2019

മതമൈത്രീ ചിന്തകൾ

പൗരത്വബില്ലിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ എനിക്കറിവില്ല(അറിവുള്ളവരുടെ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്). എന്നാൽ എനിക്കറിയുന്നത് മതങ്ങളെക്കുറിച്ചാണ്, അല്പമെങ്കിലും. അത് ഒരല്പം വിവരക്കേടാണെങ്കിലും പങ്കുവെക്കട്ടെ, ഒരു കുട്ടിയുടെ അഭിപ്രായമായി എടുത്താൽ മതി. മതത്തിന്റെ പേരിലാണല്ലോ കലഹം. ആ മതം എന്താണ് എന്ന അടിസ്ഥാനചോദ്യമാണ് എന്റേത്. ആരാണ് ഹിന്ദു? ആരാണ് മുസ്ലിം? എൻ്റെ കാഴ്ചപ്പാട് ചില ചോദ്യങ്ങളിലൂടെ ഞാൻ അവതരിപ്പിക്കാം.
ചോദ്യം ഹിന്ദുക്കളോടാണ്: നിങ്ങൾ ഹിന്ദു ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്താണ് അതിന്റെ മാനദണ്ഡം? ഭരണഘടന പറയുന്നതുപോലെ മറ്റു പ്രഖ്യാപിതമതങ്ങളിലൊന്നുംപെടാത്തവർ എന്ന അർത്ഥത്തിലാണോ അതോ മറ്റെന്തെങ്കിലും വിധത്തിലാണോ? ബ്രാഹ്മണമതം എന്നറിയപ്പെടുന്ന ചാതുർ വർണ്ണ്യ വ്യവസ്ഥയിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ വർണ്ണത്തിനോട് നീതിപുലർത്തുന്നുണ്ടോ? ഇനി നിങ്ങൾ നീതിപുലർത്തുന്നുണ്ട് എന്നാണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ ഞാൻ ഒരു കഥ പറയാം.
ഒരിക്കൽ ഒരു ബ്രാഹ്മണൻ തൻ്റെ അച്ഛന്റെ ശ്രാദ്ധം നന്നായി നടത്തി. അപ്പോൾ അവിടെവന്ന ഒരു പറയക്കുട്ടിയെ അയാൾ അടിച്ചുപുറത്താക്കി. അപ്പോൾ അതാ ഒരു സിദ്ധൻ വരുന്നു. ബ്രാഹ്മണൻ കരുതി, ഈ സിദ്ധനെ സൽക്കരിച്ച് അനുഗ്രഹം നേടി ശ്രാദ്ധം ഗംഭീരമാക്കാം. പക്ഷേ, സിദ്ധൻ അയാളുടെ കയ്യിൽ നിന്നും പച്ചവെള്ളം സ്വീകരിക്കാൻ വിസമ്മതിച്ചു. അദ്ദേഹം പറഞ്ഞു: സ്വന്തം അച്ഛനെ തല്ലിയവനിൽ നിന്ന് ഒന്നും ഞാൻ സ്വീകരിക്കില്ല എന്ന്. അച്ഛനെ തല്ലുകയോ! ബ്രാഹ്മണൻ ഞെട്ടിയപ്പോൾ സിദ്ധൻ പറഞ്ഞു, അതോ, ആ പറയക്കുട്ടി, നിന്റെ അച്ഛൻ പുനർജ്ജനിച്ചതാണ്.
ഈ കഥ വിവേകാനന്ദൻ പറഞ്ഞതാണ് എന്നാണോർമ്മ. എന്തായാലും ബ്രാഹ്മണരോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നത് മാനവസേവയാണ് മാധവസേവ എന്നാണ്. വിഗ്രഹങ്ങളെ ദൂരെയെറിയാൻ ആൾ പറയുന്നു. അതേ, ഹിന്ദു എന്നതിൽ അഭിമാനിക്കൂ എന്നുപറഞ്ഞ സ്വാമി വിവേകാനന്ദൻ തന്നെ.(വായിക്കാം.)
കഥക്കുശേഷം എൻ്റെ ചോദ്യം ഇതാണ്: നിങ്ങൾ മരിച്ചുപോയവർക്ക് ശ്രാദ്ധം ചെയ്യുന്നു, അന്ത്യക്രിയകൾ ചെയ്യുന്നു. നിങ്ങൾ പുനർജന്മത്തിൽ വിശ്വസിക്കുന്നു. നിങ്ങൾ വെറുക്കുന്ന മുസ്ലീങ്ങൾ ആ പറയക്കുട്ടിയെപ്പോലെ നിങ്ങളുടെതന്നെ പിതൃക്കളുടെ പുനർജന്മമായിക്കൂടേ? ആണെങ്കിൽ നിങ്ങൾ എന്ത് അപരാധമാണ് ചെയ്യുന്നത്?
ഇനി മുസ്ലീങ്ങളോട് ചോദ്യം.
നിങ്ങൾ മുസ്ളീം ആണോ? ആണെങ്കിൽ ഏത് അർത്ഥത്തിൽ? അഥവാ നിങ്ങൾ മുസ്ളീം ആണെന്നുവിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അതിനോട് നീതിപുലർത്തുന്നുണ്ടോ?നിങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നു, ഏകദൈവത്തിലും അന്ത്യപ്രവാചകനിലും വിശ്വസിക്കുന്നു എങ്കിൽ അതിൻ്റെ എത്ര എത്ര വ്യാഖ്യാനങ്ങൾ ഉണ്ട് എന്ന് നിങ്ങൾക്കറിയാമോ? അതിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾക്ക് നാം ഇന്നുനൽകുന്ന അർത്ഥം തന്നെയാണോ എഴുതപ്പെട്ട കാലത്തും എന്ന് നിങ്ങൾക്ക് തീർച്ചയുണ്ടോ? മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ എല്ലാ അർത്ഥവും അതുപോലെതന്നെയാണ് വന്നിരിക്കുന്നത് എന്ന് നിങ്ങൾക്ക് തീർച്ചയുണ്ടോ?
നിങ്ങളോടും ഒരു കഥ പറയാം:
ഒരിക്കൽ ഒരു ചങ്ങാതിക്ക് ഒരു മടിയനായ മകനുണ്ടായിരുന്നു. അവനെക്കുറിച്ചോർത്ത് അയാൾ വളരെ ദുഃഖിച്ചു. അവനാകട്ടെ ഒരു പണിക്കും പോകാതെ വീട്ടിലിരുന്ന് തിന്നുജീവിച്ചുപോന്നു. ഒടുവിൽ മരണസമയമടുക്കാറായപ്പോൾ അയാൾ മകനെ വിളിച്ചുപറഞ്ഞു- മോനേ, ഞാൻ മരിച്ചാൽ നീ എങ്ങനെ ജീവിക്കും എന്നതിൽ എനിക്കാശങ്കയുണ്ട്. നീ ഞാൻ പറയുന്നത് കേൾക്കണം- നിഴലിലേ നടക്കാവൂ. വിയർത്തിട്ടേ ഉണ്ണാവൂ. എന്നിട്ട് അയാൾ മരിച്ചു. മകൻ ജീവിക്കാൻ ബുദ്ധിമുട്ടിയെങ്കിലും അച്ഛന്റെ വാക്ക് അനുസരിക്കാൻ തീരുമാനിച്ചു. അയാൾ കുട ചൂടിയേ നടക്കൂ. എവിടെയെങ്കിലും നിന്ന് വെയിൽ കൊണ്ട് വിയർക്കും. വിശക്കുമ്പോൾ ഭക്ഷണം യാചിക്കും. ആദ്യമൊക്കെ കുറച്ചുപേർ അയാളെ സഹായിച്ചെങ്കിലും പിന്നെ പട്ടിണിയായി. ഒരാൾ അയാളെ സഹായിക്കാനായി ഒരു ദിവസം വന്നു കാര്യം തിരക്കിയപ്പോൾ അയാൾ പറഞ്ഞു, ഞാൻ എൻ്റെ അച്ഛന്റെ വാക്കുകേട്ടതാണ് കുഴപ്പം, എന്ന്. നിങ്ങൾക്ക് കഥ പിടികിട്ടിയപോലെ അയാൾക്കും പിടികിട്ടി. അയാൾ പറഞ്ഞു, നിഴലിൽ നടക്കണം എന്നുപറഞ്ഞാൽ രാവിലെ നടക്കണം എന്ന്, സൂര്യനുദിക്കും മുമ്പ് പോണം. സൂര്യനസ്തമിച്ചശേഷം വേണം മടങ്ങാൻ. ഇതിനിടയിൽ വിയർക്കാനായി അയാൾ ഒരു ജോലിയും കൊടുത്തു, അങ്ങനെ അയാൾ നന്നായി.
കഥ കുറച്ചുവകഭേദങ്ങളോടെ നിങ്ങളും കേട്ടിരിക്കും. അതെന്തായാലും പറഞ്ഞത് മനസ്സിലാക്കുന്നത് എങ്ങനെയെന്നതിനെ ആശ്രയിച്ചാവും പ്രയോഗം എന്നത് വ്യക്തമാണല്ലോ. ഒരാളോട് ദൈവം പറഞ്ഞു, തല മറക്കണം, പാദം സംരക്ഷിക്കണം. അയാൾ മനസ്സിലാക്കിയതോ അയാളുടെ പിന്മുറക്കാർ മനസ്സിലാക്കിയതോ തല തുണികൊണ്ട് മറക്കണം, കാലിൽ ചെരിപ്പിടണം എന്ന്. എനിക്ക് മനസ്സിലായത് തലമുടി വെട്ടരുത്. മരുഭൂമി പച്ചപ്പാക്കണം എന്ന്. നിങ്ങൾക്കെന്ത് തോന്നുന്നു? ഇതുപോലെ തന്നെയാവില്ലേ മറ്റുപലതും എന്ന് ഞാൻ സന്ദേഹിക്കുകയാണ്.
ഇനി ഹിന്ദു ആയിട്ടും മുസ്ലിം ആയിട്ടും നിങ്ങൾ ആ ആശയങ്ങളോട് നീതിപുലർത്തുന്നില്ല എന്നതാണഭിപ്രായമെങ്കിൽ മതകോളത്തിൽ ഹിന്ദുവോ മുസ്ലീമോ അല്ല എന്ന് രേഖപ്പെടുത്തുന്നതിൽ നിങ്ങളുടെ അഭിപ്രായമെന്താണ്?
ഇനി മതമൊന്നുമില്ലാത്ത പൊതുജനത്തോട് ഒരു കഥ:
മാലിന്യം എല്ലാവരും വെറുക്കുന്നു. അത് ഇല്ലാതാവാൻ ആഗ്രഹിക്കുന്നു. മലിനരായ മനുഷ്യരെയും അതുപോലെതന്നെ. പക്ഷെ, ഈ മാലിന്യം എങ്ങനെയുണ്ടാവുന്നു എന്നും ഈ മനുഷ്യർ എങ്ങനെ വൃത്തികെട്ടവരാകുന്നു എന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത് സൃഷ്ടിക്കുന്നതിൽ നിങ്ങൾക്കല്ലേ കൂടുതൽ പങ്ക്? അത് പെറുക്കിനടന്നിട്ടല്ലേ പലരും വൃത്തികെട്ടവരാകുന്നത്?
ഇനി കൃഷിക്കാരോട്‌ ഒരു ചോദ്യം, പ്രത്യേകിച്ചും ജൈവകൃഷിയൊക്കെ മനസ്സിലാവുന്നവരോട്:
കൃഷിയിൽ മണ്ണ് ഇളക്കുന്ന ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന കീടങ്ങളെ ഇല്ലാതാക്കുമ്പോളല്ലേ മനുഷ്യൻ ആ ജോലി ചെയ്യേണ്ടിവരുന്നത്? മിത്രകീടങ്ങളെ കൊല്ലുമ്പോഴല്ലേ കീടനാശിനി അടിക്കേണ്ടിവരുന്നത്? ആ ഒരു ലോജിക് വെച്ച് "എങ്ങനെയാണ് പശുവിനെ തിന്നുന്നവർ ഉണ്ടാവുന്നത്" എന്ന് ആലോചിച്ചുകൂടേ? പശുവിനെ തിന്നുന്ന മൃഗങ്ങളെയെല്ലാം മനുഷ്യർ ഇല്ലാതാക്കിയാൽ പശുവിനെ തിന്നുന്ന മനുഷ്യർ ഉണ്ടാവും എന്നത് യാഥാർഥ്യമല്ലേ?
ഇനി വെജിറ്റേറിയനിസം- വാല്മീകി രാമായണത്തിലെ രാമൻ മാംസാഹാരിയായിരുന്നു. അതിഥികളെ പശുവിനെക്കൊന്ന് സൽക്കരിച്ചിരുന്നതോണ്ട് അവർക്ക് ഗോഘ്നൻ എന്ന പര്യായം തന്നെ കിട്ടി. ഇതും വിവേകാനന്ദനെ വായിച്ചതോണ്ടറിഞ്ഞതാ. പുസ്തകം, 'കിഴക്കും പടിഞ്ഞാറും'. അന്വേഷിച്ചപ്പോ സംഗതി ശരിയാ. അന്വേഷിക്കേണ്ടവർക്ക് അന്വേഷിക്കാം. എം ജി എസ് നാരായണനും ഇക്കാര്യം പറഞ്ഞുകേട്ടിട്ടുണ്ട്- ഗോഘ്നൻ. ഇനി എന്തിന്റെ പേരിലാണ് തമ്മിൽ തല്ലുന്നത്? കേവലം ആചാരങ്ങളുടെ പേരിലോ? ദൈവത്തിനെ വിളിക്കുന്ന ഭാഷയുടെ പേരിലോ? അങ്ങനെയെങ്കിൽ ഹിന്ദുക്കളിൽത്തന്നെ എത്ര വകഭേദങ്ങളുണ്ട്? ചിലർ രാമാ എന്ന് വിളിക്കുമ്പോൾ ചിലർ കൃഷ്ണാ എന്നു വിളിക്കുന്നു. ചിലർ ശിവനേ എന്ന് വിളിക്കുമ്പോൾ ചിലർ നാരായണാ എന്ന് വിളിക്കുന്നു. ഏറ്റവും വേദനിക്കുമ്പോൾ മലയാളികൾ എല്ലാരും വിളിക്കുന്നത് "അയ്യോ" എന്നാണ് എന്നും കാണാം.
ഇനി വേറെ ഒരു തർക്കവിഷയം. ബാബരി മസ്ജിദിനുമുമ്പ് അവിടെ ക്ഷേത്രമായിരുന്നു എന്ന് വാദിച്ചാൽ തന്നെ അത് രാമക്ഷേത്രമായിരുന്നു എന്ന് എന്താണുറപ്പ്? രാമൻ സ്വയം ശിവഭഗവാനെ പൂജിച്ചിരുന്നതായി കാണാം. (അതാണല്ലോ രാമേശ്വരം ക്ഷേത്രം തന്നെ!) അപ്പോൾ അത് ഒരു ശിവക്ഷേത്രമാവാനല്ലേ സാധ്യത കൂടുതൽ? ഇനി അതും പോട്ടെ, ഒരു തർക്കവുമില്ലാത്ത ഒരു കാര്യത്തിലേക്ക് വരാം. കുറച്ചുംകൂടി പിന്നോട്ടുപോയാൽ അവിടം മൊത്തം കാടാവും. ശരിയല്ലേ? അതോണ്ട് ആർക്കും തർക്കമില്ലാതിരിക്കാൻ വീണ്ടും ഒരു കാടാക്കാം. എന്തേ?

ഇനി ശ്രീ രാമകൃഷ്ണപരമഹംസർ എന്ന സിദ്ധന്റെ ജീവചരിത്രം വായിക്കാം, ഹിന്ദുവായും മുസ്ലീമായും കൃസ്ത്യാനിയായും അദ്ദേഹം ദൈവത്തെ അറിഞ്ഞു. അവധൂതരുടെ കഥകൾ ആരറിഞ്ഞു!
എൻ്റെ അഭിപ്രായത്തിൽ ശരിക്കുള്ള ഒരു ഹിന്ദുവും ശരിക്കുള്ള ഒരു മുസ്ലിമും ഒരുപാട് അടുത്തുനിൽക്കുന്നവരാണ്. പ്രകൃതിയെ നശിപ്പിക്കാതെ ജീവിക്കുന്നവരാണ്, പ്രകൃതത്തെയും. അവരെ തമ്മിൽ തല്ലിക്കേണ്ടത് മൂന്നാമതൊരുകൂട്ടരുടെ ആവശ്യമാണ്.
അത് കൃസ്ത്യാനികളാണ് എന്നാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ അവിടെയും എനിക്കൊരു ചോദ്യമുണ്ട്. ഈ ഹിന്ദു മതവും ഇസ്‌ലാമും ഒക്കെ പെർഫെക്റ്റ് ആയിരുന്നാൽ പിന്നെയൊരു മതം എങ്ങനെ ക്ലച്ച് പിടിക്കും? എന്നിട്ടും കൃസ്തുമതം ക്ലച്ച് പിടിച്ചതെങ്ങനെയാണ്? നമ്മുടെ തമ്മിൽ തല്ലും ജാതി-മത പിന്തിരിപ്പൻ ആശയങ്ങളും ആചാരങ്ങളുമല്ലേ കാരണം?
അപ്പൊ എല്ലാ മനുഷ്യരും മനുഷ്യരായിരുന്നാൽ ഒന്നായിത്തീരും എന്നതുതന്നെയാണ് യാഥാർഥ്യം. അതിനിടയിൽ കടന്നുവന്ന നുണകളെ, തെറ്റുകളെ മാത്രമല്ല, ശരിയെന്നും നന്മയെന്നും കരുതുന്ന ശീലങ്ങളെപ്പോലും ഒന്ന്‌ പുനർചിന്തിച്ചാൽ തീരുന്ന പ്രശ്നമേ നമുക്കുള്ളൂ എന്നുകരുതുന്നു. ഇനി സിക്ക് മതം പോലെ ഒന്നാണ്‌ ശരിക്കും ശരിയെങ്കിൽ നാം അങ്ങോട്ടും മാറേണ്ടെ? അല്ലെങ്കിൽ പുതിയതൊന്ന് സൃഷ്ടിക്കണ്ടേ? എന്താണ് നിങ്ങളുടെ അഭിപ്രായം?

ലക്ഷ്യം കാണിക്കുന്ന ബോർഡുകൾ കണ്ട് ലക്ഷ്യത്തിലെത്തി എന്നുകരുതരുത്.(മതങ്ങളെക്കുറിച്ച് വിനീഷ് ഗുപ്തയുടെ കാഴ്ചപ്പാട്. നമ്മളൊക്കെ ആ ബോർഡുകൾ അലങ്കരിച്ച് നേരം കളയുന്നു എന്ന്, ലക്ഷ്യത്തിലെത്താതെ)

ഇനി ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയിലേക്ക് വരാം. അവിടെ പുതിയൊരു മതം ഉദയം ചെയ്തിട്ടുണ്ട്. വികസനം എന്നാണ് അതിൻ്റെ പേര്. ഈ മതത്തിൽ വിശ്വസിക്കുന്നവരും അതിനെ എതിർക്കുന്നവരുമുണ്ട്. അന്ധമായി വിശ്വസിക്കുന്നവരും ഉള്ളതുകൊണ്ടാണ് അതിനെ ഒരു മതം എന്ന് ഞാൻ വിളിച്ചത്. അതിനെ എതിർക്കുന്നവരെ 'വികസനവിരുദ്ധർ' എന്നുമുദ്രകുത്തി ആക്രമിക്കുന്നതിനും ഒരു മതതീവ്രവാദശൈലിയുണ്ട്. അതെന്തായാലും വികസനത്തിന് രണ്ട ദിശകളുണ്ട്. ഒന്ന് അഹിംസയുടെ പാതയും രണ്ട് ഹിംസയുടെയും. പൊതുവിൽ മനുഷ്യാവകാശത്തെപ്പറ്റിയും പരിസ്ഥിതിയെപ്പറ്റിയും ഉൽക്കണ്ഠപ്പെടുന്ന പലർക്കും ഈ ഒരു വിശാലമായ തിരിച്ചറിവില്ല. അതുകൊണ്ടുതന്നെ ഒരേസമയം ഹിംസയുടെയും അഹിംസയുടെയും പാതകളിൽ അവർ സഞ്ചരിക്കുന്നു, ലക്ഷ്യത്തിലെത്തുന്നുമില്ല, നിരാശപ്പെടുന്നു. ഗാന്ധിയെയും അബ്ദുൽ കലാമിനെയും ഒരേസമയം നിങ്ങൾക്ക് ആരാധിക്കാനാവില്ല എന്ന് ഒരു ചെറിയ ഉദാഹരണം, ഇരുവരുടെയും നല്ല കാര്യങ്ങൾ മാത്രം എടുക്കാം എന്നുവാദിക്കുന്നവരുണ്ടെങ്കിലും രണ്ടുപേരും രണ്ടു ദിശകളിലെ വികസനത്തിന്റെ വക്താക്കളാണ്. ഒരാളുടെ പിന്നിൽ പോയാൽ സമാധാനത്തിലും മറ്റൊരാളുടെ പിന്നിൽപോയാൽ യുദ്ധത്തിലും നാമെത്തും.

സത്യാന്വേഷണമാണ് എൻ്റെ മതം. ഗാന്ധിയുടെ മതവും അതുതന്നെയായിരുന്നു. ആ മതത്തിൽ മുന്നോട്ട് പോയാൽ നിരന്തരം ആശയനവീകരണം വേണ്ടിവരും, പഠിക്കാൻ തയ്യാറാവേണ്ടിവരും, തിരുത്താനും.


സത്യാന്വേഷണമാണ് എന്റെ മതം എന്നുപറഞ്ഞു. പക്ഷേ, അപ്പോൾ ചോദ്യം: എന്താണ് സത്യം? സത്യം പറഞ്ഞാൽ ഈ ഒരു ആശയത്തിന്റെ പേരിലാണ് ലോകത്തെ അടി മൊത്തം. അതുകൊണ്ട് പ്രധാനപ്പെട്ടചോദ്യമാണ്. എന്താണ് സത്യം?
എനിക്കറിയുന്ന മൂന്ന് സത്യങ്ങൾ പറയാം: ഒന്ന് വെറും സത്യം, രണ്ട് നഗ്നസത്യം, മൂന്ന് നിത്യസത്യം.
വെറും സത്യം അഥവാ "സത്യം" എന്താണെന്ന് അവസാനം പറയാം. നഗ്നസത്യം നമുക്ക് ചിന്തിച്ചാൽ അറിയുന്നതേ ഉള്ളൂ, നാമൊക്കെ ജനിച്ചപടിനിൽക്കുന്ന ആ സത്യം തന്നെ. ദൈവത്തിന്റെ, പ്രപഞ്ചത്തിന്റെ സത്യം അതാണ്. ബാക്കി കളറൊക്കെ നമ്മൾ ചേർത്തതാണ്. വെള്ളത്തിന്റെ നിറമാവേണ്ട വെള്ളയെ പാലിന്റെ നിറമാണെന്ന് തെറ്റിദ്ധരിക്കുന്നതുപോലെ നമ്മൾ പല അസത്യങ്ങളും സത്യങ്ങളായി തെറ്റിദ്ധരിച്ചുപോയിട്ടുണ്ട്, ശീലമാണ് കാരണം. ദൈവത്തിന്റെ ഭക്ഷണം വേവിക്കാത്ത ഭക്ഷണമാണ്. വേവിക്കൽ മനുഷ്യന്റെ ശീലമാണ്. ജനിക്കുന്നു, ജനിച്ചതൊക്കെയും മരിക്കുന്നു, വിശപ്പ്, കാമം, ഇതൊക്കെയാണ് നഗ്നസത്യങ്ങൾ. ഇതിനൊക്കെ അപ്പുറം പോകാൻ പറ്റുമെന്ന് ചിലർ പറയുന്നു, അതെനിക്ക് അറിഞ്ഞൂടാ. നിങ്ങൾ അന്വേഷിക്കൂ. ആത്മാവ് സത്യമാണോ എന്ന മാതിരി ചോദ്യങ്ങൾ നിങ്ങൾക്ക് വിടുന്നു. വേവിക്കാത്ത ഭക്ഷണം മാത്രം കഴിച്ച് (പ്രകൃതി തരുന്നത്) ജീവിക്കുന്നതുപോലെതന്നെയാണ് ഭിക്ഷ യാചിച്ച് മനുഷ്യർ തരുന്നത് കഴിച്ച് -സ്വീകരിച്ച്- ജീവിക്കുന്നതെന്നുകരുതുന്നു. അതും പ്രപഞ്ചം തരുന്നതാണല്ലോ.
ഇനി നിത്യസത്യം.
ഒരു പാട്ടില്ലേ, നിന്നിലലിയുന്നതേ നിത്യസത്യം!
അതാണ് നിത്യസത്യം. നിന്നിലലിയുന്നത്. മരണം അഥവാ പ്രപഞ്ചത്തിൽ നിന്നും വന്നത് പ്രപഞ്ചത്തിൽ തിരിച്ച് ചേരുന്നത്. അതാണ് നിത്യസത്യം.
ഇനി ആദ്യം പറഞ്ഞ "സത്യം". വാസ്തവത്തിൽ അത് പല താൽകാലിക സത്യങ്ങളാണ്. പലതും അസത്യങ്ങളും. ഈ ഒരു ബോധ്യമുള്ളതുകൊണ്ടാണ് നാമെല്ലാം ശരിക്കും സത്യത്തെ കാണിക്കാൻ നഗ്നസത്യം, നഗ്നയാഥാർഥ്യം എന്നൊക്കെ ഉപയോഗിക്കുന്നതുതന്നെ.
ഇനി പറയൂ, നിങ്ങൾ ഏത് സത്യത്തിന്റെ പാതയിലാണ്? നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ പ്രവാചകനായി പിറന്നുവീഴുന്ന ഓരോ കുട്ടിയേയും കാണാൻ മറന്നുപോയോ? പശുപ്പാൽ മനുഷ്യന് കുടിക്കാനുള്ളതാണെന്ന് വിശ്വസിച്ചുപോയവരും പശുവിറച്ചി മനുഷ്യന് കഴിക്കാനുള്ളതാണെന്ന് വിശ്വസിച്ചുപോയവരും ശീലങ്ങളിൽ നിന്ന് പരസ്പരം പോരടിക്കുമ്പോൾ ഞാൻ പറയാം, വേവിക്കാത്ത ആ നഗ്നസത്യത്തിലേക്ക് മടങ്ങൂ. ഒരുമയോടെ ജീവിക്കൂ.

No comments: